അർജ്ജുനൻ ഗീതയ്ക്ക് സാക്ഷ്യം വഹിച്ചവനാണ്. ധീരനാണ്. വിരാട് ബ്രഹ്മനായ യോഗേശ്വരന്റെ സതീർത്ഥ്യനാണ്. ഇന്ദ്രപുത്രനാണ്, വിശ്വജേതാവാണ്.

പക്ഷേ ഗീതോപദേശം ലഭിച്ചിട്ടും മഹാ വീരനായിട്ടും കുരുക്ഷേത്ര ഭൂമിയിൽ ഭഗവാന്റെ വിരാട് രൂപം കണ്ട് ഞെട്ടിവിറച്ചു. ഭയന്ന് നിലവിളിച്ചു. എന്നാൽ പ്രഹ്ലാദനെ നോക്കൂ. ബാലനാണ്, രാക്ഷസകുലത്തിലാണ് ജനനം, ആരും തുണയില്ലാത്തവനാണ്, ആയുധമറിയാത്തവനാണ്ആകെ അറിയാവുന്നത് നാരായണ നാമം മാത്രം. ആ നാമത്തിൽ ആ ബാലൻ ഉറച്ചു വിശ്വസിച്ചു. തന്റെ സ്വാമി തൂണിലും തുരുമ്പിലുമുണ്ടെന്ന് ആ ബാലൻ ഉറപ്പിച്ചു. അവസാനം തന്റെ പിതാവിന്റെ മാറ് പിളർന്ന നരസിംഹ രൂപം കണ്ടും ആ ബാലൻ ഭയന്നില്ല. ലക്ഷ്മീദേവിയും സകല ബ്രഹ്മാണ്ഡങ്ങളും ഭയന്നപ്പോഴും ആ ബാലൻ നരസിംഹരുടെ വലുതു തുടയിൽ കയറിയിരുന്നു. ഒരു മകനെപ്പോലെ കെട്ടിപ്പിടിച്ചു. നരസിംഹർ അതേ സംഹാരഭാവത്തിൽ അവന് മധുരം നൽകി ചേർത്തു നിർത്തി വാരിപ്പുണർന്നു.

പ്രഹ്ലാദന് മന്ത്രമോ, തന്ത്രമോ, കർമമോ ഒന്നും അറിയില്ല. ആകെ അറിയുന്നത് ഒരു നാമം. നാരായണനാമം.....തീവ്രമായ നാമജപത്തിലുപരി മറ്റൊരു തപസ്സില്ല.. ഈശ്വരന് കേൾക്കാതിരിക്കാൻ കഴിയില്ല..അവൻ നാമപരായണത്തിൽ സദാ സന്തോഷിക്കുന്നു.

ഒരു നാമം സദാ ജപിക്കുംമ്പോൾ നമ്മൾ ആ നാമത്തിന്റെ ഭാഗമാകുന്നു. തുടക്കത്തിൽ ബാഹ്യരൂപമായ നാമജപം ക്രമേണെ ആന്തരികമായി മാറും. നമ്മളറിയാതെ മനസും ചിത്തവുമെല്ലാം സദാ നാമം ജപിക്കും. നാമജപത്തിലൂടെ ക്രമേണെ ഉള്ളിൽ ദേവതാ ഭാവം ശക്തമാവും. ഏത് ആൾക്കൂട്ടത്തിനിടയിലും ഏത് ചുടലയിലും ഒന്ന് സ്മരിച്ചാൽ ഉള്ളിൽ ആ രൂപം നിറയും. ഇതോടെ ആ നാമം പരിപൂർണമായും ശക്തിപ്പെടും.

ചിത്തത്തിലാണ് എല്ലാ സാധനകളുടേയും ശ്രഷ്ഠമായ മാറ്റം വരുന്നത്. ദേവതാരൂപം ഉള്ളിലുണർന്നാൽ നാമജപത്തിലെ ഓരോ വാക്കും മന്ത്രമായി നമ്മളറിയാതെ തന്നെ മനം സദാ ജപിച്ച് കൊണ്ടിരിക്കും.

നാമജപം ഏറ്റവും ശ്രേഷ്ഠമായ തപസ്സാണ്. ഇഷ്ടദേവതയുടെ നാമത്തിൽ മുറുക്കെപ്പിടിക്കുക. ഒരു ഉഗ്രമന്ത്രവും ആവശ്യമില്ല. ഉള്ളിലുള്ള നാമത്തിൽ പൂർണ്ണ സമർപ്പണം ചെയുക. കുലാർണവം ജപത്തെക്കുറിച്ച് പറയുന്ന ഒരു വരിയുണ്ട്.

"അച്ഛനും അമ്മയും ഭാര്യയും മക്കളും രാജാവും ചിലപ്പോൾ നിങ്ങളെ കൈവിടും. എന്നാൽ കുലാചരണം (ധർമം..ഭക്തിയിൽ സമർപ്പണഭാവത്തിലെ നാമജപം തന്നെ കുലാചരണം) അനുഷ്ടിക്കുന്നവനെ നാമജപവും ദേവതയും ഒരു തരത്തിലും ഒരു സമയത്തും കൈവിടില്ല"

സാധകൻ ഒരിക്കലും ഒറ്റയ്കാവില്ല. നാമം ജപിക്കൂ. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ജോലി ചെയ്യുമ്പോഴും ആദ്യം ഇഷ്ടദേവനെ സ്മരിച്ചു എന്റെ ഈ കർമവും അങ്ങേയ്കുള്ള സമർപ്പണമെന്ന് മനസിൽ പറഞ്ഞു ചെയുക. ഇടവും, വലവും ഭഗവാൻ കൂടെ നിൽക്കും .നാമ ജപം അത്ര ശക്തമാണ്. വിധിയെ വരെ മാറ്റാം. അങ്ങനെ നടന്ന ചരിത്രവും അനുഭവങ്ങളും സാധകലോകത്തുണ്ട്.

ഓം നമോ ഭഗവതേ വാസുദേവ